ഫിഷ് മാർട്ട്

എറണാകുളം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന ഫിഷ് മാർട്ടുകളുടെ പ്രവർത്തനവിജയത്തെ തുടർന്ന്, സംസ്ഥാനത്തുടനീളം ഫ്രഷ് ഫിഷ് മാർട്ടുകൾ സ്ഥാപിക്കുന്നതിനായി ഗവണ്മെന്റ് 30 കോടി രൂപാ വകയിരുത്തിയിരുന്നു. എല്ലാ ജില്ലകളിലുമായി 200 ഫിഷ് മാർട്ടുകൾ സ്ഥാപിക്കുവാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. ഈ മാർട്ടുകളിലേക്കു മത്സ്യം സംഭരിച്ചു വിതരണം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും ബേസ് സ്റ്റേഷനുകളും ഉണ്ടാകും. മത്സ്യത്തിന്റെ ചില്ലറ വിൽപ്പനയുടെ രംഗത്ത് വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്ന ഈ പദ്ധതി, മത്സ്യഫെഡ് പോലെയുള്ള ഒരു ഉൽപ്പാദകപ്രസ്ഥാനത്തിന് പുതിയ ചക്രവാളം തുറന്നു തരുന്നു. മാത്രമല്ല, സാധാരണക്കാരായ ആയിരത്തിലധികം വനിതകൾക്ക് ഇത് മാന്യമായ തൊഴിലവസരവും ഒരുക്കുന്നു. നിലവിൽ കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായി ഇപ്രകാരമുള്ള 31 ഫിഷ് മാർട്ടുകൾ വിജയകരമായി പ്രവർത്തിച്ചുവരുന്നു.