സ്കീമുകളും പദ്ധതികളും

മത്സ്യബന്ധനത്തിനാവശ്യമായ മുതല്‍ മുടക്കിന്‍റെ സിംഹഭാഗവും ഇടത്തട്ടുകാരില്‍ നിന്നുമാണ് മത്സ്യത്തൊഴിലാളികള്‍ സ്വരൂപിക്കാറുള്ളത്. അതുമൂലം അവര്‍ പിടിച്ചു കൊണ്ടു വരുന്ന മത്സ്യത്തിന്‍റെ വില നിശ്ചയിക്കാനുള്ള അവകാശം ഇടത്തട്ടുകാരില്‍ നിക്ഷിപ്തമാകുകയും ചെയ്യുന്നു. പലപ്പോഴും മത്സ്യക്കച്ചവടക്കാരുമായി ഒത്തു ചേര്‍ന്ന് ഇവര്‍ മത്സ്യത്തോഴിലളികള്‍ക്ക് ന്യായമായ വില നിഷേധിക്കുന്നു. കൂടാതെ മത്സ്യത്തിന്‍റെ വിലയിലും കമ്മീഷനിലും മത്സ്യത്തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് സഹകരണ സംഘങ്ങളുടെ കീഴില്‍ തീരദേശ ലേലം മത്സ്യഫെഡ് നടപ്പിലാക്കിയത്. മത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ടു വരുന്ന മത്സ്യം സംഘം നിശ്ചയിച്ച ലേലക്കാര്‍ ലേലം ചെയ്യുകയും ലേലം ചെയ്തു കിട്ടിയ തുകയില്‍ ഉടമയുടെ വിഹിതം തിരിച്ചടയ്ക്കുകയും, ബാക്കി തുക തൊഴിലാളികള്‍ വീതം വയ്ക്കുകയും ചെയ്യുമ്പോള്‍ തൊഴിലാളികള്‍ എടുത്ത വായ്പയുടെ കുടിശ്ശിക കുറയുകയും, തൊഴിലാളികള്‍ക്ക് ഭേദപ്പെട്ട വരുമാനം ഉറപ്പാക്കുകയും കാലക്രമത്തില്‍ അവര്‍ ഉപയോഗിക്കുന്ന തൊഴിലുപകരണം അവര്‍ക്ക് സ്വന്തമാകുകയും ചെയ്യുന്നു.